മൂവാറ്റുപുഴ: ഔദ്യോഗിക തിരക്കുകള്‍ക്കിടെ കായിക രംഗത്തും വിജയക്കൊടി പാറിച്ച് മൂവാറ്റുപുഴ പൊലിസ് സ്റ്റേഷനിലെ എഎസ്ഐ ടി.ജെ. ഐസി മോള്. അടുത്തിടെ നടന്ന സംസ്ഥാന പൊലിസ് അത്ലറ്റിക്സ് ആന്‍ഡ് ഗെയിംസ് മീറ്റില്‍ അഞ്ച് മെഡലുകള്‍ വാരിക്കൂട്ടിയാണ് ഐസി മോള് സേനയ്ക്കും നാടിനും ഒരുപോലെ അഭിമാനമായി മാറിയത്.
പാലക്കാട് നടന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സിംഗിള്‍സ് വിഭാഗത്തില്‍ രണ്ട് സ്വര്‍ണവും മിക്സഡ് ഡബിള്‍സില്‍ ഒരു സ്വര്‍ണവും ഇവര്‍ കരസ്ഥമാക്കി. കൂടാതെ തിരുവനന്തപുരത്ത് നടന്ന അത്ലറ്റിക് മീറ്റില്‍ ലോംഗ് ജമ്പില്‍ സ്വര്‍ണവും ഷോട്ട്പുട്ടില്‍ വെള്ളിയും നേടി തന്റെ കായികമികവ് പൂര്‍ണമായി പുറത്തെടുത്തു.
ദേശീയ പൊലിസ് മീറ്റുകളിലും പങ്കെടുത്തു മികവ് തെളിയിച്ചിട്ടുള്ള ഐസി മോള്, 2023-24, 2025-26 വര്‍ഷങ്ങളിലെ നാഷണല്‍ മീറ്റുകളില്‍ നിന്നായി മൂന്ന് വെങ്കല മെഡലുകളും നേടിയിട്ടുണ്ട്. കായിക മേഖലയില്‍ ഇത്തരത്തില്‍ മികച്ച നേട്ടം കൈവരിച്ച ഐസി മോളെ ജില്ലാ പൊലിസ് മേധാവി കെ.എസ് സുദര്ശന് നേരിട്ട് അഭിനന്ദിച്ചു.
ജീവിതത്തില്‍ സമ്പത്തിനേക്കാള്‍ പ്രധാനം ആരോഗ്യമാണെന്നും, എന്തുതന്നെ തിരക്കുകളുണ്ടായാലും ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ശരീരസൗഖ്യത്തിനായി മാറ്റിവെക്കേണ്ടതുണ്ടെന്നും ഐസി മോള് പറഞ്ഞു. സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വീട്ടുകാരുടെയും പൂര്‍ണമായ പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നത് കൊണ്ടാണ് സര്‍വീസ് തിരക്കുകള്‍ക്കിടയിലും കായികരംഗത്ത് തനിക്ക് തുടര്‍ന്നുപോകാന്‍ സാധിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കുഴ സ്വദേശിനിയായ ഐസി മോള് നിലവില്‍ കുടുംബസമേതം മൂവാറ്റുപുഴയിലാണ് താമസം. 21 വര്‍ഷമായി പൊലിസ് സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്ന ഇവര്‍ മുമ്പും മൂവാറ്റുപുഴ സ്റ്റേഷനില്‍ ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ ഇവിടെ ചുമതലയേറ്റ് രണ്ടു മാസം പിന്നിടുമ്പോഴാണ് ഈ തിളക്കമാര്‍ന്ന നേട്ടം സ്റ്റേഷനിലേക്ക് എത്തിയത്.
ബിസിനസുകാരനായ പി.എം. അനിജന് ആണ് ഭര്‍ത്താവ്. മകള്‍ നിയ കാനഡയില്‍ നഴ്സായി ജോലി ചെയ്യുന്നു. മകന് നെവിന് മൂവാറ്റുപുഴ എസ്എന്‍ഡിപി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.